Sunday, 18 January 2026

രണ്ടു സിരീസുകൾ, രണ്ടു സീസൺ

രണ്ടു സിരീസുകൾ, രണ്ടു സീസൺ 



സീയേ പഠിക്കുന്ന ഏതെങ്കിലും വിദ്യാർത്ഥികൾക്ക് സമൂഹത്തോട് പറയാൻ എന്തെങ്കിലും ഒരു വ്യഥയുടെ കഥ ഉണ്ടോ? ഏതെങ്കിലും ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ ജീവിതം കഥകളിലോ സിനിമയിലോ എടുത്തതായി അറിയാമോ? നമ്മുടെ കാഴ്ചപ്പാട് പോലെ സംഖ്യകളുമായി മാത്രം മല്ലടിക്കുകയും സാധാരണക്കാരനിലും ഉയർന്ന ജീവിത നിലവാരം പുലർത്തുകയും ചെയ്യുന്ന ഇവരുടെ ജീവിതം അറുബോറായിരിക്കുമോ?


അധികം പരിചയമില്ലാത്ത ഒരു മേഖലയിൽ കടന്നു കയറി പരിശോധന നടത്തുകയാണ് ഇനിയും രണ്ടു കൂട്ടർ!


അഹ്സാസ് ചനയും ഗ്യാനേന്ദ്ര ത്രിപാഠിയും പ്രധാന വേഷങ്ങളിൽ വരുന്ന ഒരു ഹിന്ദി സിരീസ് ആണ് ഹാഫ് സീയേ. ഇത് പ്രതീഷ് മെഹ്ത ആണ് സംവിധാനം ചെയ്തിരിക്കുന്നത്.


പ്രശാന്ത് ഭാഗ്യയുടെ ഹിന്ദി ടെലിവിഷൻ നാടകം (സിരീസ്) ആണ് ജംനാപാർ.

റിത്വിക് സഹോരെ, വരുൺ ബദോല എന്നിവർ ആണ് സീയേക്കാരായ മകനും അച്ഛനും ആയി പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. 


രണ്ടും ആമസോൺ പ്രൈമിൽ ആണ് ഉള്ളത്.


പ്രധാന വേഷങ്ങളിൽ ആരാണ് അഭിനയിച്ചത് എന്നത് അപ്രധാനമായ കാര്യമാണ്. നല്ല വണ്ണം റിസർച്ച് നടത്തിയതാണ് രണ്ടും എന്ന് പ്രത്യേകം പറയേണ്ടല്ലോ.  ഓരോ വേഷവും നന്നായി അവതരിപ്പിച്ചിരിക്കുന്നു, അവർക്ക് ഓരോരുത്തർക്കും നന്നായ പ്രകടനത്തിന് അവസരവും ഉണ്ട്.



ഹാഫ് സീയേ 


ശ്രീമതി ക്ഷേത്ര സന്ദർശനങ്ങൾക്ക് പോയത് കൊണ്ട് രാത്രി വീട്ടിൽ ഒറ്റയ്ക്ക് ആയിരുന്നു. യു ട്യൂബിൽ ഒരു സിനിമ കാണാനുള്ള ശ്രമം മടുപ്പ് കാരണം പരാജയപ്പെട്ടപ്പോൾ മനസ്സില്ലാ മനസ്സോടെ പ്രൈമിൽ കയറി നോക്കി. അവിടെയും ഒന്നിലും മനസ്സ് വരുന്നില്ല. 


എന്തോ “ഹാഫ് സീയേ” രണ്ടാം സീസൺ ഇതുവരെ കണ്ടിരുന്നില്ല. 


കണ്ടു. എത്ര വിശദമായി അവർ റിസർച്ച് ചെയ്തിരിക്കുന്നു. ഹൃദയത്തിൽ നിന്ന് പറിച്ചെടുത്ത പോലെ ആണ് ഓരോ സീനും. 


ഒരനുഭവം പറയാം.


ആദ്യ സീസണിൽ കണ്ട ഓർമ്മയില്ലാത്ത താണ്. പക്ഷെ ഒരു കാൽക്കുലേറ്റർ ഇതിൽ ഒരു കഥാപാത്രം ആണ്.


ഏതാണ്ട് കൃത്യമായ ഒരു അനുഭവം എനിക്ക് ഉണ്ട്. നിങ്ങൾക്ക് വിശ്വാസം വരുമോ?


നാലാം തവണ എറണാകുളം മഹാരാജാസ് കോളേജിൽ ആഡിറ്റോറിയത്തിൽ ഇൻ്റർമീഡിയറ്റ് സെക്കൻ്റ് ഗ്രൂപ്പ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷ. കോളേജിൽ എത്തിയ ഞാൻ ഹാളിലേക്ക് നടക്കവേ പെട്ടെന്ന് പരിഭ്രാന്തനായി. എൻ്റെ കൈയിൽ കാൽക്കുലേറ്റർ ഇല്ല. ഒരു നിമിഷം പലവിധ ചിന്തകൾ പാഞ്ഞുപോയി. 


ഉടനെ ഞാൻ പുറത്തേക്ക് പാഞ്ഞ്, കിട്ടിയ ആട്ടോയിൽ പനമ്പള്ളി നഗറിലേക്ക്. ഓടി റൂമിൽ ചെന്ന് കാൽക്കുലേറ്റർ എടുത്തു, അതേ ഓട്ടം, മറ്റൊരു ഓട്ടോയിൽ തിരികെ. പരീക്ഷാ സമയത്തിന് തൊട്ട് മുമ്പ് ഹാളിൽ.


ഒരു ട്രാഫിക് ബ്ളോക്ക് കിട്ടിയിരുന്നെങ്കിൽ ആ പരീക്ഷ ഞാൻ എഴുതില്ല.  തിരികെ പരിഭ്രാന്തിയോടെ എത്തിയ എന്നെ പരിചയമുള്ള ഒരാൾ മാത്രം ആണ് ശ്രദ്ധിച്ചത്. 


ആ പരീക്ഷ ഞാൻ പാസായി. പിന്നീട് ഈ വിഷയം തന്നെ പരീക്ഷയിൽ നിന്ന് അപ്രത്യക്ഷമായി. അല്ലെങ്കിലും സീയേ പരീക്ഷ ഒരു കടമ്പ മാത്രം അല്ലേ? പ്രീഡിഗ്രി, ഡിഗ്രി -കോളേജ് തലത്തിൽ കണക്ക് പഠിക്കാൻ മടി കാണിച്ചതിന് മല ചുമക്കേണ്ടി വന്നു എന്ന് മാത്രം കരുതിയാൽ മതി.


ഹാഫ് സീയേ മനസ്സ് വല്ലാതെ ക്ഷുബ്ധമാക്കും എങ്കിലും മെലോഡ്രാമയിലേക്ക് വീഴാതെ ശ്രദ്ധിച്ചിട്ടുണ്ട്. അടുത്ത സീസൺ കൂടി കാണേണ്ടി വരുന്ന രീതിയിൽ ഒരു യഥാർത്ഥ മൂഹൂർത്തത്തിലാണ് രണ്ടാം സീസൺ നിർത്തിയിട്ടുള്ളത്. 


FAIL എന്ന നാല് അക്ഷരങ്ങൾ മനസ്സിൽ തീ പടർത്തുന്ന അപൂർവ നിമിഷം! പല തവണ പരിചയമുള്ളതായതു കൊണ്ട് എനിക്ക് അത് പ്രത്യേകിച്ച് പറയേണ്ടതില്ല. പക്ഷെ ആ യഥാർത്ഥ്യം അറിയുന്ന, പകച്ചു നിൽക്കുന്ന, ആ നിമിഷത്തിന് പകരം വെക്കാൻ ഒന്നുമില്ല.


ആദ്യ സീസണിൽ തന്നെ നീരജിൻ്റെ  പൊള്ളുന്ന അനുഭവം മഴയുടെ അകമ്പടിയോടെ നമുക്ക് കാണേണ്ടി വരുന്നുണ്ട്. എല്ലാ പരീക്ഷകളും വിഹ്വലം ആണെങ്കിലും അനാവശ്യമായി കൂട്ടിച്ചേർത്തു എന്ന് തോന്നുന്ന ഒരു ട്രോമ ഈ പരീക്ഷക്ക് ഉണ്ട്. പഠിക്കാൻ ഒട്ടും തന്നെ സമയം കിട്ടാത്ത ജോലി ഭാരം. പലപ്പോഴും പുറത്തോ മറ്റ് നഗരങ്ങളിൽ തന്നെയോ താമസിച്ചു ചെയ്തു തീർക്കേണ്ടി വരുന്നത് ആണ് അത്. ഇപ്പോൾ കോച്ചിംഗ് ക്ളാസുകൾ ഉണ്ടെങ്കിലും അതിൽ നിന്ന് മാറി നിൽക്കേണ്ടി വരാം, ഒരുകാലത്ത് അത് റിവിഷൻ ക്ളാസുകൾ മാത്രം ആയിരുന്നു. പരീക്ഷയുടെ അതി കഠിനവും പ്രവൃത്തിയോട് ബന്ധപ്പെട്ടതുമായ ചോദ്യങ്ങൾ. ഒടുവിൽ എല്ലാ പേപ്പറിനും ജയിച്ചിട്ടും കടമ്പ കയറാനാവാതെ വീണ്ടും അടുത്ത ഒരു ആറുമാസം എന്ന യാഥാർത്ഥ്യം!


കോളേജിൽ പോയി ബീ കോം പഠിക്കുന്നത് ഇന്നത്തെ ചുറ്റുപാടിൽ അസാധാരണമായ ഒന്നാണോ? ഹാഫ് സീയേ ആ ചോദ്യം ചോദിക്കുന്നു. ഉത്തരം നിങ്ങൾ കണ്ടെത്തുക.


ഹാഫ് സീയേ ഒന്ന് കണ്ടു നോക്കണം. ജീവിതത്തിലെ പ്രശ്നങ്ങൾ സമചിത്തതയോടെ സീയേക്കാർ നേരിടുന്നതെങ്ങനെ എന്ന് മനസ്സിലാകും.


ജംമ്നാ പാർ 


ഹാഫ് സീയേ കണ്ടതിന് ശേഷം അതെപ്പറ്റി വായിച്ച ഒരു സോഷ്യൽ മീഡിയ കമൻ്റ് വഴി ഞാൻ അടുത്ത സിരീസിലേക്കും എത്തി, ജംമ്നാ പാർ. 


കമൻ്റിൽ ഒന്നിനേക്കാൾ മെച്ചമാണ് അടുത്തത് എന്ന് പറഞ്ഞു താരതമ്യം ചെയ്തത് അനാവശ്യമായി തോന്നി.


ജംമ്നാ പാർ ഒരു മിടുക്കനായ അച്ഛൻ്റെ മിടുക്കനായ മകൻ സീയേ പരീക്ഷ പാസാകുന്നതും അതിന് ശേഷം ഉള്ള സീയേ ജീവിതവും മോഹഭംഗങ്ങളും കുടുംബ ബന്ധങ്ങളുടെ പവിത്രതയും ഊഷ്മളതയും ആണ് പ്രമേയം ആക്കുന്നത്. ഹാഫ് സീയേ ആകട്ടെ കുടുംബത്തിൽ നിന്നും അകന്നു കഴിഞ്ഞുകൊണ്ട് പരീക്ഷയെ നേരിടുന്ന ചെറുപ്പക്കാരുടെ കഥയാണ്. പരീക്ഷയുടെ മേൽ കെട്ടിവെച്ച അനാവശ്യമായ ട്രോമ അവരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ്. രണ്ടും രണ്ടാണ്.


ജംമ്നാ പാർ അവതരണം മെട്രോ യാത്രയുടെ പശ്ചാത്തലത്തിൽ ആണ്. ഓരോ സ്റ്റേഷനിലും എത്തുമ്പോഴുള്ള സരസമായ വിവരണം കഥയുടെ സന്ദർഭങ്ങളോട് മാത്രം അല്ല, ഏവരുടെയും ജീവിതത്തോടും ബന്ധപ്പെട്ടതായി നമുക്ക് കരുതാം.


രണ്ടു സിരീസും നമ്മുടെ മനസ്സ് പ്രക്ഷുബ്ധമാക്കും. 


മുമ്പ് ഉണ്ടായിരുന്ന അവസ്ഥയേക്കാൾ വളരെ മെച്ചപ്പെട്ട രീതിയിൽ ആണ് ഇന്ന് സീയേ പരീക്ഷ നടത്തുന്നതും റിസൽട്ട് പ്രഖ്യാപിക്കുന്നതും. ഇപ്പോൾ പരീക്ഷകൾ അടുത്തടുത്ത ദിവസങ്ങളിൽ ഇല്ല. അതിനാൽ തന്നെ മുതിർന്ന പ്രൊഫഷണലുകൾക്ക് ഇവ അത്ര ബുദ്ധിമുട്ട് ഏറിയതായി തോന്നില്ല. അവർ അതിലും ആഴമേറിയ നദി നീന്തി കയറിയവരാണ്. എന്നാൽ അതിൽ പരാജയപ്പെട്ടവർക്ക് ഉള്ളിലെ എന്നും നീറുന്ന മുറിവിൽ മുളക് പുരട്ടിയ പോലെ അനുഭവപ്പെടാം. റിസൽട്ട് നിലവാരം ഏതാണ്ട് ഇരട്ടിയായി, എഴുതാനുള്ള അവസരവും വർഷത്തിൽ കൂടുതൽ തവണ കിട്ടുന്നുണ്ട്.


എന്തായാലും ഈ കരിയറിനോട് സമൂഹത്തിൻ്റെ ഇപ്പോഴുള്ള നിഷേധാത്മക കാഴ്ചപ്പാട് തിരുത്താൻ ഏറെ സഹായിക്കും ഈ രണ്ടു സിരീസുകളും.



സർഗവിദ്യ സൃഷ്ടിക്കുന്ന കഥാർസിസ് എന്ന വികാരവിമലീകരണം അഥവാ വികാരവിരേചനം ആദ്യമായി വിശദീകരിച്ചത് അരിസ്റ്റോട്ടിൽ ആണെന്ന് എഡിറ്റർ, കഥാകൃത്ത് ആയ സുഭാഷ് ചന്ദ്രൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയിരിക്കുന്നു. 


അതിജീവനത്തിൻ്റെ അത്തരം ഒരു വിഭ്രമത്തിൽ ഇംഗ്ലീഷിൽ രണ്ടായിരത്തി എട്ടിൽ എഴുതിക്കൂട്ടിയ മുപ്പതോളം പോസ്റ്റുകൾ നീണ്ട കഥ പോലെ ഗാതർ എന്ന ഒരു വെബ്സൈറ്റിൽ ശേഷം ഞാൻ പ്രസിദ്ധീകരിച്ചിരുന്നു. തുടക്കക്കാരായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംരംഭം ആയിരുന്നു ഗാതർ. പിന്നീട് അത് നിലച്ചുപോയി. പബ്ലിഷിംഗ് റൂം അഥവാ വേഡ് ക്ലേ എന്ന പിന്നീട് ഇല്ലാതായ മറ്റൊരു സ്ഥാപനം വഴി ആണ് മുൻ പറഞ്ഞത് ഒരു പുസ്തകം ആക്കിയത്. ശേഷം അത് ഞാനും അവഗണിച്ചു. ഗാതർ നിന്നുപോയതിനോട് ഇന്നും പൊരുത്തപ്പെട്ടിട്ടില്ല. ഒരുപാട് ചിത്രങ്ങളും കുറച്ച് വീഡിയോകളും കൂടി അതിൽ ചേർത്തിരുന്നു.


പറഞ്ഞുവരുന്നത് ഈ രണ്ട് സിരീസുകൾക്കും വളരെ മുമ്പേ ഈ സിരീസുകൾ കഥ പറയുന്ന പശ്ചാത്തലത്തിൽ ഞാൻ കൈ വെച്ചിരുന്നു എന്നാണ്. അതിൻ്റെ ചിത്രം ആണ് ഇതോടൊപ്പം ചേർക്കുന്നത്.


******


2 comments: