"തപോമയിയുടെ അച്ഛൻ" ആണ് ഈ വർഷത്തെ വയലാർ അവാർഡ് നേടിയ പുസ്തകം.
അഭയാർത്ഥികളുടെ കഥ എന്ന് പറയുമ്പോൾ പെട്ടെന്ന് ഓർമ്മ വരുന്ന രണ്ട് കഥകൾ വാസ്തുഹാരയും ഇരുപതാം നൂറ്റാണ്ടുമാണ്. ഒന്ന് സി വി ശ്രീരാമൻ്റെ കഥ അരവിന്ദൻ സിനിമ ആക്കി, മോഹൻലാലിന് ചേർന്ന കഥ ആയിരുന്നു അത്. മുറപ്പെണ്ണിനെ കരയിച്ചു ചിരിക്കാൻ അയാൾക്ക് സാധിക്കും. രണ്ടാമത്തെത് അവിശ്വസനീയമായ ഒരു കഥാപ്രസംഗം ആണ്, വി സാംബശിവൻ്റെ. കുന്തി ഗുഹ എന്ന നടിയുടെ കഥ.
ഇപ്പോൾ മൂന്നാമത്തേത് ഇതായി. ക്രിപ്റ്റോഗ്രഫി ഷെർലക് ഹോംസ് കഥയ്ക്ക് ശേഷം വീണ്ടും മുന്നിൽ എത്തിയത് കോവിഡ് കാലത്ത് ഇൻഫർമേഷൻ സിസ്റ്റം ആഡിറ്റ് പഠിക്കുമ്പോഴാണ്. അത്തരം മെത്തോഡിൽ ചിഹ്നങ്ങളെ ആസ്പദമാക്കി വായിച്ച ഒരു കഥ ആണ് സന്തോഷ് കുമാർ നമ്മോട് പറയുന്നത്.
അതിൽ ചിഹ്ന നിർദ്ധാരണത്തിന് സന്താനവും ഗോപാൽ ബറുവയും നടത്തിയ യാത്രകളും. ഇതിലാരുടെ ആണ് ഈ കഥ എന്ന് പറയാനാവില്ല.
ഗോപാലിൻ്റെ മകൻ തപോമയി ബറുവയുടെ കഥയും ഇതുതന്നെ. മനോഹരമായ പേരുകളിൽ ബംഗാളികൾ എന്നും അറിയപ്പെടുന്നു. പാലിയും സംസ്കൃതവും അലിഞ്ഞു ചേർന്നിട്ടും ഈ പേരുകൾ ഒന്നും മലയാളത്തിലേക്ക് വന്നില്ല. ഒരുപക്ഷേ സുഭാഷ് ചന്ദ്രബോസ് ഒഴികെ.
അത് പോകട്ടെ. കൽക്കത്ത എന്നും അഭയാർത്ഥികളുടെ നാടായിരുന്നു. തിരമാലകൾ പോലെ അവർ വന്നു പോയി. ബർമ്മയിൽ നിന്ന്, ബംഗ്ളാദേശിൽ നിന്ന്, ചുറ്റുമുള്ള ദ്വീപുകളിൽ എത്തി, പിന്നെ വീണ്ടും വേര് പിഴുതപ്പെട്ട് നഗരത്തിലേക്ക്. ഇതിനിടയിൽ ഒരുപാട് പേർ മരിച്ചു പോകുന്നുണ്ട്. നമുക്ക് ഇങ്ങനെ ഉള്ള അനുഭവങ്ങൾ വായിച്ചുള്ള അറിവേ ഉള്ളൂ.
തപോമയിയുടെ അച്ഛൻ ആരെന്ന് വെളിപ്പെടുത്തുന്ന കഥ അല്ല ഇത്. അഭയാർത്ഥികൾക്ക് അന്നന്നത്തെ അതിജീവനം തന്നെ വലിയ കാര്യമാണ്. അതിനിടെ കാലം പൊടിച്ചും നനച്ചും ബലാൽക്കാരം ചെയ്തും നഷ്ടപ്പെടുന്ന സ്വപ്നങ്ങളുടെ കഥ കൂടി ആണ്. അവരും മനുഷ്യരാണ്. വളരെ വേഗം മതം അവരെ കീഴടക്കുന്നത് എങ്ങിനെ ആണ്?
അച്ഛൻ ആരെന്നത് പ്രകൃതി ബാക്കി വെയ്ക്കുന്ന തെളിവുകൾ മാത്രം ആണ്. യഥാർത്ഥത്തിൽ ആരാണ് അച്ഛൻ?
27.11.2025
No comments:
Post a Comment