കണക്കിൽ ഇല്ലാത്ത യോഗ്യത
ആർക്കെങ്കിലും എന്തെങ്കിലും എനിക്കായാലും സഹതാപം അർഹിക്കുന്നുണ്ട് എന്ന് എനിക്ക് പണ്ടേ അഭിപ്രായം ഇല്ല.
ഭൂമിയിൽ നിന്ന് മനസുകൊണ്ട് അൽപ്പം മാറി നിന്നു മനസ്സിലാക്കുക. അത് കറങ്ങിക്കൊണ്ടേയിരിക്കുന്നു. അത് അൽപ്പം പോലും ആർക്കെങ്കിലും വേണ്ടി കാത്തു നിൽക്കില്ല.
കഴിഞ്ഞ ദിവസം രണ്ട് ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ നമ്മെ വിട്ട് പോയി. വാർദ്ധക്യം തീരെ ബാധിച്ചിരുന്നില്ല രണ്ടു പേരെയും. രണ്ടുപേരും പാസ്റ്റ് ചെയർ. എറണാകുളം ബ്രാഞ്ചിലെ പോലെ എല്ലാവരെയും അത് അറിയിക്കണം എന്ന് മറ്റുള്ള ബ്രാഞ്ചുകൾക്ക് നിർബന്ധം ഒന്നുമില്ല. അതുകൊണ്ട് നിങ്ങളിൽ ചിലർ അറിഞ്ഞു കാണില്ല.
എത്ര ചെറുതാണ് നമുക്ക് തന്നിട്ടുള്ള കാലം! ഒരുവിധത്തിലുള്ള വാശികൾക്കും അത് നിന്നു തരില്ല. നോക്കൂ, അത് കറങ്ങി കറങ്ങി അങ്ങ് പോകുന്നു.
ജീവിതത്തെ പറ്റി പണ്ടേ എനിക്ക് ഇരുളാർന്ന ഒരു കാഴ്ചയാണ്. ഇതുപോലെ പലതും ചെറുപ്പം മുതലേ കണ്ടതിൻ്റെ ഒരു കുഴപ്പമാണ്.
എന്നിട്ടും നിങ്ങൾ ചിലരെ ചൂണ്ടിക്കാട്ടി പറയുന്നു. “അയാൾ ജീവിതത്തിൽ ഇന്നത് നേടി, മിടുക്കൻ “. എനിക്ക് വെറുതെ തള്ളിക്കളയാൻ ഉള്ളതാണ് ഇത്. ഭാഗ്യം, സാഹചര്യം, പണം?
എത്ര പേരുടെ സ്വപ്നങ്ങൾ കരിഞ്ഞ മണ്ണിൽ ആണ് അയാൾ ചവിട്ടി നിൽക്കുന്നത്. കഴിവും മിടുക്കും സാഹചര്യവും പണവും ഉണ്ടായിട്ടും ആയുസ്സ് ചിരിച്ചു കൊണ്ട് വിട പറഞ്ഞ ഒരു ആത്മ സുഹൃത്ത് എന്തായാലും നമുക്ക് കാണും.
അതുകൊണ്ട് ജീവിതം എന്നത് ഒരു സാധ്യത മാത്രമാണ്, അത് മാത്രം ആണ്. ക്രൈസ്തവ ചിന്തകൾ പറയുന്ന ശാശ്വതമായ പ്രത്യാശ വേണ്ടെന്നല്ല ഞാൻ അർത്ഥമാക്കുന്നത്. അത് തന്നെ സാധ്യതയിൽ ഉള്ള ഒരു വിശ്വാസം മാത്രം അല്ലേ?
ആ സാധ്യതയ്ക്ക് യാതൊരു നിബന്ധനകളും ഇല്ലല്ലോ. ഒരു അധിക യോഗ്യതയും നിങ്ങൾ നേടേണ്ടതില്ല. എനിക്കോ നിങ്ങൾക്കോ എന്തെങ്കിലും കുറവ് തോന്നുന്നുണ്ടെങ്കിൽ അത് ബാലിശമല്ലേ!
അനിൽപി ഫിലോസഫി എഴുതുന്നു എന്ന് പറയേണ്ട. അനിൽപി എന്നും ഇങ്ങനെ എഴുതിയിരിക്കുന്നു.
“തെറ്റുന്ന കണക്കിൻ്റെ പുസ്തകം നിൻ ചുമട്, തെറ്റാത്ത കണക്ക് തേടൂ ജല്ല ജലാലിന്നരികിൽ” എന്ന് കവി.
09.01.2026