എക്കോ
കാണുന്ന കാഴ്ചകൾ എല്ലാം നേരായിക്കൊള്ളണം എന്നില്ല. തിരിച്ചറിവ് വരുക പലപ്പോഴും അവസാന നിമിഷം ആയിരിക്കും, അതോടെ കഥ കഴിയുന്നു.
ബോണിഫാസിയോ എന്ന സ്ഥലത്ത് ഒരു പാവപ്പെട്ട വിധവയും ആൻ്റോൻ എന്ന മോനും സെമീശാൻ്റെ എന്ന പെൺപട്ടിയും താമസിച്ചിരുന്നു.
ഒരു ദിവസം വൈകുന്നേരം നിക്കോളാസ് എന്ന ഒരു മനുഷ്യൻ ആൻ്റോയെ എന്തോ ദേഷ്യത്തിന് കുത്തിക്കൊല്ലുന്നു.
സെമീശാൻ്റെ എന്ന പെൺപട്ടിയുടേയും വിധവയുടെയും പ്രതികാരം ആണ് ദ വെണ്ടേറ്റ എന്ന മോപ്പസാങ്ങ് കഥയുടെ ആത്മാവ്. വിധവ പട്ടിയെ അതിനായി എങ്ങനെ മെരുക്കി എന്ന് വിശദമായിത്തന്നെ മോപ്പസാങ്ങ് എഴുതുന്നുണ്ട്.
എം. പി. നാരായണപിള്ള രചിച്ച ആദ്യ നോവലാണ് പരിണാമം. നായയെ കേന്ദ്ര സ്ഥാനത്ത് നിർത്തി എഴുതിയ ആദ്യ മലയാളനോവലും ഇത് തന്നെ എന്ന് വിക്കിപീഡിയ. എം പി നാരായണപിള്ള ആകെ ഒരു നോവലേ എഴുതിയുള്ളൂ. പരിണാമം എന്ന ആ കഥ കലാകൗമുദിയിൽ വായിച്ചും അതിലെ നായയുടെ കഥയിൽ ത്രില്ലടിച്ചും എൻ്റെ ബീകോം കാലം കഴിഞ്ഞു. പക്ഷെ ക്ലൈമാക്സ് പരീക്ഷ കാരണം മിസ്സായി. ഇന്നുവരെ അത് ഞാൻ വായിച്ചിട്ടില്ല.
പിന്നെ വളരെക്കാലം കഴിഞ്ഞ് മാതൃഭൂമി പ്രസിദ്ധീകരിച്ച എസ് ഹരീഷിൻ്റെ കഥകളിൽ മയങ്ങിയ എനിക്ക് ആദം എന്ന ബെൽജിയം മാലിനോയിസിൻ്റെ കഥയും വളരെ ഇഷ്ടപ്പെട്ടു. ഒരു തള്ളയ്ക്കുണ്ടായാലും പലർക്കും പല വിധിയാണ് എന്ന് ഓരോ പട്ടിയുടെ കഥയും പറഞ്ഞു ഹരീഷ്.
ഈവിധം പട്ടി കഥകളുടെ ഒരു പശ്ചാത്തലത്തിൽ വേണം എക്കോ എന്ന സിനിമ കാണുന്നത്. എക്കോ ത്രില്ലർ ഗണത്തിൽ പെടുന്നു. കിഷ്കിന്ധാ കാണ്ഡത്തിനും പോലീസ് ഫയലിനും ശേഷം ബാവുൾ രമേശിൻ്റെ ആനിമൽ ട്രിലോജിയിലെ അവസാനത്തെ സിനിമ. ദിൽജിത്ത് അയ്യത്താൻ്റെ സംവിധാനം.
ഏതാണ്ട് ഹരീഷ് ശൈലിയിൽ ഉള്ള കഥ. ഒരു മലേഷ്യൻ കണക്ഷൻ. കാഴ്ചക്കാരന് പലതും മനസ്സിലാക്കാൻ കണ്ണുകൾ, ചെവികൾ പോരാതെ വരും ബുദ്ധി ഉപയോഗിച്ച് കാണുന്നതാണ് യഥാർത്ഥ ത്രില്ലർ. സിനിമ കഴിയുമ്പോഴും അത് തുടരണം എന്ന് നമ്മൾ ആഗ്രഹിക്കണം. പട്ടികളെ ആര് എന്തിന് പരിശീലിപ്പിക്കുന്നു എന്നത് പ്രധാനമാണ്. അത് അതിവേഗം ആഹാരം തരുന്നവന് അല്ലെങ്കിൽ അവൾക്ക് വഴങ്ങിയേക്കാം.
കാണാതായ അല്ലെങ്കിൽ ഒരുപക്ഷെ ഒളിവിൽ ഉള്ള ഡോഗ് ട്രെയിനർ ആയ പ്ളാൻ്റർ കുര്യച്ചന് എന്തുപറ്റി എന്ന കഥ സാവധാനം നമ്മളെ മനസ്സിലാക്കാൻ ഇവർക്ക് ഒരു വെടിക്കെട്ട് പതുക്കെ അതിൻ്റെ ക്ലൈമാക്സിൽ എത്തുന്ന ചതുരതയോടെ പറയാൻ കഴിഞ്ഞു. മുജീബ് മജീദിൻ്റെ സംഗീതവും ബാവുൾ രമേശിൻ്റെ ക്യാമറയും സഹ്യൻ്റെ വന്യതയും ഒറ്റികളുടെ ഭീകരതയും ഓലികളുടെ അകമ്പടിയോടെ നമ്മളെ ഉദ്വേഗത്തോടെ അവസാനം വരെ ഇരുത്തുന്നുണ്ട്. ഒന്ന് പറയട്ടെ, നമ്മുടെ കാടുകളുടെ ആ ഭംഗി പണ്ടോ ഇപ്പോഴോ കണ്ട മറ്റൊരു രാജ്യത്തെ കാടിനും ഇല്ല!
എൻ എസ് മാധവൻ നല്ല വാക്ക് പറഞ്ഞപ്പോൾ പിന്നെ ഇത് കാണാതിരിക്കാൻ ആയില്ല. പ്രതികാരം മനുഷ്യൻ്റെ ആണ്, നായയും ഒരു ഉപകരണം മാത്രം. “നായകൾക്ക് ഒരു മാസ്റ്ററെ ഉള്ളൂ.”
* * * *
*