Sunday, 31 August 2025

ശലഭം

കാലവർഷം ഇത്തവണ കനിഞ്ഞു ചൊരിഞ്ഞു. പറമ്പ് പിന്നെയും കാടായി. വൃത്തിയാക്കാൻ ‘ഇത്തിരിപ്പോലം’ ഒന്നും പോരാ. ആളൊന്നിന് ₹800 ആണ് ദിനം പ്രതി. മൂന്നു പേരായിട്ടേ വരൂ. വർഷം രണ്ടു തവണ ചെയ്യേണ്ടി വരും. ഒരാഴ്ച എങ്കിലും വേണ്ടിവരും. ഒരു പ്രയോജനവും ഇല്ലാത്ത പ്രവൃത്തി.


വെട്ടിപ്പറിച്ചിട്ട ഛായാമൻസയുടെ ഇലമടക്കിലാണ് അവൾ ആ തിളക്കമുള്ള പുഴുവിനെ കണ്ടത്. കയ്യോടെ അതിനെ എടുത്തു കൊണ്ടുവന്ന് പ്ളാസ്റ്റിക് ഡപ്പിയിലാക്കി. വായു സഞ്ചാരം കിട്ടും എന്ന് ഉറപ്പു വരുത്തി. അവിടെ കിടന്നാൽ ഏതെങ്കിലും കരിയില കിളിക്ക് ആഹാരം ആകും. മനുഷ്യനേ തെറ്റും ശരിയും ഉള്ളൂ. കിളി ഒരു പാവം നോൺ വെജിറ്റേറിയൻ ആണല്ലോ. 


ഈ കഴിഞ്ഞ ദിവസവും അവൾ നോക്കിയിരുന്നു. അതിന് മേലെ മുള്ളുകൾ പോലെ എന്തോ. പ്യൂപ്പ ആയി. 


ഇന്നലെ രാവിലെ അവൾ തുറക്കാൻ നോക്കിയപ്പോഴാണ് കണ്ടത്. മുറിക്കാത്തതും പിന്നെ പൊടിച്ചതും രണ്ടും ചേർന്ന മഞ്ഞളിൻ്റെ ഭംഗിയുള്ള ചിറകുകളുമായി ഒരാൾ! മിണ്ടാതെ ഇരിക്കുന്നുണ്ട്, ഡപ്പിയിൽ. കറുത്ത പുള്ളികളും ഉണ്ട്. അതിൻ്റെ അവസ്ഥ; ജനിച്ചത് കാരാഗൃഹത്തിൽ. 


വെളിയിൽ കൊണ്ട് വന്നു ഒരു ഫോട്ടോ എടുക്കാമെന്ന് ഞാൻ. 


തുറന്നതും, അത് പ്രതീക്ഷിച്ചിരുന്ന പോലെ ഒരൊറ്റ പറക്കൽ. ചെന്ന് നല്ല സൂര്യപ്രകാശത്തിൽ ആസകലം ചുവന്ന പൂക്കൾ വിരിഞ്ഞ ആഹ്ളാദമോടെ നിൽക്കുന്ന ജത്രോഫയിൽ ഇരുന്നു. സ്വാതന്ത്ര്യം! ഞാൻ വീണ്ടും ചെന്ന് നോക്കി. എന്നെ തീരേ വിശ്വാസം ഇല്ല. അത് റോക്കറ്റ് പോലെ പറന്നു പോയി.


ചിത്രശലഭത്തിന് എത്ര ദിവസം ആണ് ആയുസ്? വീണ്ടും കിളിക്ക് ആഹാരം ആയേക്കാം. മിണ്ടാതെ ആലോചിച്ച് ഇരിക്കുന്ന പൂച്ചയെ കാണുമ്പോഴും ഇതേ കാര്യം ഞാൻ ഓർമ്മിക്കാറുണ്ട്. അതിന് ബോദ്ധ്യം ഉണ്ടോ, തൻ്റെ പരിമിതമായ കാലത്തെക്കുറിച്ച്?


ശരീരം പലതാണെങ്കിലും പ്രകൃതി പലതാണെങ്കിലും ബോധം ഒന്നു തന്നെ അല്ലേ?