Saturday, 3 February 2024

KSRTC SWIFT: അതിവേഗം ബഹുകേമം

കഴിഞ്ഞ മാസം കയത്തിലും കുളത്തിലുമായി ഒരുപാട് പേർ....


ഈ മാസം വഴിയിൽ ആകാനാണ് സാദ്ധ്യത. കരുതി ഇരിക്കുക. 


പാലത്തിൽ ഓവർടേക്ക് ചെയ്തതിൽ തന്നെ ഇന്നലെ രണ്ടു പേർ!


ഇത് കേൾക്കുക.



ഇന്നലെ പത്തുമണിയോടെ ഞാൻ തിരുവനന്തപുരം പോയി. ഓർഡിനറി അഥവാ സാദാ ലോ ഫ്ളോർ ആണ് സാധാരണ യാത്ര. വേഗം എത്തണമെന്ന് കരുതി സൂപ്പർ ഫാസ്റ്റ് കിട്ടാൻ കാത്തുനിന്നു. ഭാഗ്യത്തിന് പുതിയ സ്വിഫ്റ്റ് വന്നു. ജനാല ചില്ലുകൾ ഒഴിച്ചാൽ ഏറ്റവും സുഖകരമായ യാത്ര നമുക്ക് പുതിയ സ്വിഫ്റ്റ് തരുന്നു. ഒരു പെൺകുട്ടിയുടെ അടുത്ത് ആണ് സീറ്റ് കിട്ടിയത്. അവൾ ശ്രീകാര്യത്ത് ഇറങ്ങി. വിൻഡോ സീറ്റ് അങ്ങനെ എനിക്ക്. ഇടത് വശത്തെ കഴിവതും ഇരിക്കൂ. ആറ്റിങ്ങലേക്ക് ഉച്ചയ്ക്ക് മുമ്പ് ആണെങ്കിൽ വലത് വശത്ത്. സൂര്യനെ പ്രതിരോധിച്ച് ആണ്. 

തൊട്ടപ്പുറത്ത് സീറ്റിൽ വാതോരാതെ സംസാരിക്കുന്ന ഒരു മനുഷ്യന്റെ കഥകൾ ശ്രദ്ധിച്ച് പെട്ടെന്ന് തന്നെ പാളയം എത്തി. എനിക്ക് തമ്പാനൂർ ആണ് ഇറങ്ങേണ്ടത്. വണ്ടി ബേക്കറി സ്റ്റോപ് കഴിഞ്ഞ് മേൽപാലത്തിൽ കയറി. വന്ന അതേ വേഗതയിൽ ആണ് ഡ്രൈവർ. മുൻപിൽ മറ്റൊരു ആനവണ്ടി. ഡ്രൈവർ ഓവർടേക്ക് ചെയ്യുന്നത് കണ്ട് ഞാൻ അന്തം വിട്ടു നോക്കുകയാണ്. എതിരേ ഒരു ടെമ്പോ വാൻ വരുന്നു. തനി ആനവണ്ടി ശൈലിയിൽ തനിക്കെന്ത് എന്ന് ഡ്രൈവർ. വണ്ടികൾ ഒരേ വേഗത്തിൽ മുന്നോട്ട്. ഡ്രൈവർ ചവുട്ടി കേറ്റി. കഷ്ടകാലത്തിന് ടെമ്പോയും ഇങ്ങെത്തി. ഡ്രൈവർ വണ്ടി വെട്ടിച്ച് മറ്റേ ആനവണ്ടി യുടെ മുമ്പിലേക്ക്. ഞാൻ അന്തംവിട്ടു നോക്കുകയാണ്. എനിക്ക് മേൽപാലത്തിൻ്റെ കൈവരിയിലേക്ക് ബസ് ചെന്ന് കയറാൻ പോകുന്നത് കാണാൻ പറ്റി. ഞാൻ വലത്തേക്ക് മാറിയതും ഡ്രൈവർ വണ്ടി വലത്തേക്ക് പിന്നെയും വെട്ടിച്ചു. വേഗതയിൽ തിരിഞ്ഞത് കൊണ്ട് വാഹനത്തിന്റെ പിൻഭാഗം ഇടത്ത് ശക്തിയായി ഇടിച്ചത് കേട്ടു.


ഞാൻ എണീറ്റു നിൽക്കുന്നു. സത്യം പറഞ്ഞാൽ വിറച്ചു പോയി. വണ്ടി രണ്ടാമത് വെട്ടിക്കാൻ മനസാന്നിദ്ധ്യം ഡ്രൈവർക്ക് ഉണ്ടായതിന് ഈശ്വരൻ ആയിരിക്കും കാരണം! അല്ല എങ്കിൽ മേൽപാലത്തിൻ്റെ ഏറ്റവും മുകളിൽ നിന്ന് കൈവരിയിൽ ഇടിച്ച് വണ്ടി തകിടം മറിഞ്ഞ് താഴെ പതിക്കുന്നത് ഞാൻ നിമിഷാർദ്ധത്തിൻ്റെ ഏറ്റവും ചെറിയ ഞൊടിയിൽ തന്നെ മുമ്പിൽ കണ്ടിരുന്നു.

മറ്റേ ആനവണ്ടി പാലത്തിൽ നിർത്തി ഇട്ടു.

അൽപം മുന്നോട്ട് പോയി ശങ്കയിൽ ഞങ്ങളുടെ ബസും നിന്നു.

മറ്റേ ആനവണ്ടി യുടെ ഡ്രൈവർ വണ്ടി വലത്തേക്ക് കൊണ്ട് വന്ന് ഞങ്ങളുടെ ഡ്രൈവറെ ചീത്ത വിളിച്ചു.

ഞാൻ എണീറ്റു നിൽക്കുന്നു. യാത്രക്കാർക്ക് കാര്യം മനസ്സിലായി തന്നെ ഇല്ല. ചിലർ ഉറങ്ങുകയായിരുന്നു. 


ഞാൻ കണ്ടക്ടറോട് ചോദിച്ചു, 'ഇങ്ങനെ ആണോ വണ്ടി ഓടിക്കുന്നത്?' ' മേൽപാലത്തിൽ വണ്ടി ഓവർടേക്ക് ചെയ്യാമോ?'

അയാളും നിൽക്കുക ആയിരുന്നതുകൊണ്ട് അയാൾ ടെമ്പോ വാൻ കണ്ടിരുന്നു.

'ആ ടെമ്പോ വാൻ കണ്ടോ! അയാളാണ് കാരണം.'

അൽപം നേരം ആലോചിച്ചു ഞാൻ പറഞ്ഞു. 'അതിന് ഇത് വൺവേ അല്ലല്ലോ!'

* * *

വാൽ കഷ്ണം:

ഇതേ സംഭവം തന്നെ ആണ് ഇന്നലെ മാർത്താണ്ഡത്തും നടന്നത്. തിരുവാങ്കുളം കാരനായ ഡ്രൈവർ അനീഷ് (43) മരിച്ചു പോയി.

വൈകിട്ട് ഞാൻ കയറിയ ചെറിയ സ്വിഫ്റ്റ് വണ്ടിക്കും മറ്റൊരു വാഹനത്താൽ ചെറിയ പ്രശ്നം ഉണ്ടായി.

ഞാൻ മാത്രമല്ല, എല്ലാവരും ഒന്ന് കരുതുന്നത് നല്ലതാണ്. ചൂട് രാവിലെ തന്നെ 33° ആയിരുന്നു.

Saturday, 2 October 2021

വാമൊഴി



വാമൊഴി


"വക്ത്രപ്രപാടനം വ്യർത്ഥം മമ:

തവ: ദത്തം സഖേ സുകൃതം, സത്യസാധകം!"


വാ തുറക്കുവാനായിരുന്നെങ്കിൽ ഞാൻ

വാഗ്മിയായി വിലസിയേനേ, പണ്ടേ-

വാതിലൊക്കെ തുറന്നൊരെൻ ജീവിത-

വീഥിയിൽ പുകൾ പേറിയേനേ.


വാസ്തവത്തിലെന്നേ വർത്തമാനം

നിർത്തി, വാക്കുകളെനിക്കാവതില്ലാതെയായ്.

വല്ലവനും ചിരിച്ചെന്നു പേടിച്ച്

വന്നതെല്ലാം വിഴുങ്ങുന്നു, വല്ലാതെ ഞാൻ.


ഉച്ചരിക്കാനുള്ള കാര്യങ്ങളൊക്കെയും

ഒരുവിധത്തിലവതരിപ്പിച്ചുപോൽ

ഇത്രയും നാൾ പിഴച്ചതും ഭാഗ്യമെ-

ന്നാശ്വസിച്ചു ദിനം തികച്ചീടുന്നു.


കാര്യമെന്ത്, ടോസ്റ്റു -മാസ്റ്ററായാലുമീ

കാലില്ലാത്തവൻ മാരത്തണോടുമോ?

കാതില്ലാത്തവനെന്തു കച്ചേരിയെൻ

കഥനമിന്നും കഥയായി നിൽക്കുന്നു.


നാവു പിഴച്ചവൻ നിദ്രാവത്ത്വം* നേടി,

രാമബാണത്താൽ സിദ്ധി; സുകൃതവും.

നാളെന്നും പിഴയ്ക്കുന്ന നാവെൻ്റെയും

സദ്ഗതി, സായൂജ്യവും നൽകട്ടെ!


🙏🙏🙏

അനിൽപി- 02.10.21

-------------------------------------------

*കുംഭകർണ്ണൻ

[ CA C M Joseph has been inviting me to join ME Toastmasters for sometime now without fail. Perhaps I will for the sheer camaraderie! 😀But should I open my mouth? have been thinking and here comes the results!👆]








Sunday, 29 August 2021

കേക്ക്, കേക്കണം...☝️

കേക്ക്, കേക്കണം..

തൂവെള്ള കേക്കും തുള്ളിത്തുടിക്കുമിദയത്തിൽ പിറന്നാളാശംസയും,
തെല്ലും കളങ്കമിയലും പൂശക പ്രതിരൂപം വായ്ക്കുമിളം കുസൃതിയും,
ചുറ്റും നിരന്നു പൂക്കളും മുത്തുമണിയും ചേരും മിഠായിയോ?
ക്ഷീരസാഗരമതെത്തി മുറിച്ചെടുത്തൊരമൃതിൻ പാൽക്കടൽകട്ടിയോ?
മുറ്റും മേൻമ നിറയും പുകൾപെറ്റോരു കേക്കിന്നു നീ-
"സമീപിക്കണം സലീം സീയേസ്സാറിനെത്തന്നെയെന്നുമേ"

(28.08.2021)
[In praise of post of a cake by CA Salim from their "Noura and Zahara's Cakes and Bakes, Kochi"]

Monday, 20 July 2020

SH in Rain - on a video

03.07.2020


SH in Rain - on a video 


മഴയിരമ്പുന്ന ദേവരഭൂമി തേ-

വരയിലെ തന്റെ തങ്കവിദ്യാലയം.

മാഞ്ഞുപോകുമോ മനസ്സിന്റെ ചെമ്പോലകൾ, മധുരമേകുമാ

പുളകിത സ്മരണകൾ?


മൂന്നു വർഷം മാത്രമെങ്കിലും 

വിദ്യയിൽ വേരു തായ് വേരായ് വാർത്തൊരാ നാളുകൾ,

വാഴ് വു നേരിട്ടയഗ്നി പരീക്ഷകൾ

മന്ദമാരുതിയെന്നപോൽ നേരിടാൻ

തഞ്ചമേകിയ കളരിയൊന്നേയതു

തെല്ലുമാർക്കും വേണ്ട സംശയം തോഴരേ!

ഫിൽമി ഫ്രൈഡേസ്

ഫിൽമി ഫ്രൈഡേസ്

31.05.2020

വാചാല മീ വെള്ളി രാവുകൾ, വെൺ-

ചന്ദ്ര ശോഭയിൽ-

'മേനോന്റെ' ഓർമ്മ സംഭാഷണം;

അഭ്രവിരാജിതനപ്രമേയൻ, സുപ്രസിദ്ധൻ,

മനീഷി, മഹദ് -വ്യക്തി തത്കഥ;

വിസ്മയം, സുസ്മിതം, സന്ദേശ സാരള്യ-

മുൾപുളകത്തോടെ കേരളം കേൾക്കുന്നു.

Tuesday, 10 December 2019

മുറുക്ക്


30.11.19

“അനിഷ്ടമുരയ്ക്കേണ്ടി വന്നാൽ പകരം
അടയ്ക്ക മുറുക്കും അക്കിത്തമെന്നും*
അടക്കമുറക്കാത്ത നമുക്ക് ഗ്രൂപ്പിൽ**
അനിഷ്ടമടക്കാൻ മുറുക്കാനാവില്ലല്ലോ!”

[*ശ്രീ സി രാധാകൃഷ്ണൻ പറഞ്ഞത്,
** വാട്ട്സാപ്പ് ]


Friday, 27 September 2019

കോൺതാദോറും അക്കോമൊദാദോറും


ഈ വർഷം മൺസൂൺ കാലത്ത് പുസ്തകമൊന്നും വാങ്ങാൻ എനിക്ക് ആയില്ല.
മുറകാമി പുസ്തകശാലയിലിരുന്ന് എന്നെയോർത്ത് നിശ്ശബ്ദം അലമുറയിടുന്നുണ്ടാവും
എന്നെനിക്കു തോന്നിയുമില്ല. എം കൃഷ്ണൻ നായർ പറഞ്ഞിരുന്ന പോലെ പുസ്തകങ്ങളുടെ
ഒരു വിലയേ! പക്ഷേ മുറകാമി സമീപത്തൊരു ദിവസം എന്‍റെ ശേഖരത്തിലേക്ക് എത്തുമെന്നും
എന്‍റെ ചിന്തകളിൽ പടർന്നു കയറുമെന്നും എനിക്കുറപ്പുണ്ട്. എന്നാൽ പഓളോ
കൊയലോയുടെ അധിനിവേശം ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല.

പഓളോ കൊയലോയുടെ എഴുത്ത് എന്‍റെ ആസ്വാദനത്തിനു വഴങ്ങില്ല എന്നായിരുന്നു
എന്‍റെ വിചാരം. ബ്രിദ വായിക്കാൻ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെടുകയാണ്
ഉണ്ടായത്. കുറച്ചു പുറങ്ങൾക്കപ്പുറം കടന്നില്ല, എന്‍റെ ശ്രമം. അയാൾ എനിക്കു ചേരില്ല
എന്നു ഞാൻ കരുതി. ഞാനായിട്ട് ഒരിക്കലും ശ്രമിച്ചിരുന്നതല്ല. എന്നാൽ അങ്ങനെ
പ്രശസ്തരായ പലരുടേയും വായനക്കാരനല്ലാത്തതിനാൽ അതെനിക്ക് കുറച്ചിലായിരുന്നില്ല.
എന്‍റെ മോളുടെ കൈയിലാണ് ബ്രിദ ആദ്യമായി ഞാൻ കണ്ടതും പിന്നീട് വായനാശ്രമം
നടത്തിയതും. അയാൾ എന്‍റെ തലമുറയുടെ എഴുത്തുകാരനായിരിക്കില്ല എന്നു ഞാൻ
കരുതി, ആശ്വസിച്ചു. 

സഹീർ അവൾ വഴി തന്നെ കൈയിലെത്തുന്നതു വരെ. തിരുവോണ ദിവസം (2019) തന്നെ
മൊബൈൽ കേടായതിൽ ഖിന്നനായിരുന്നു, ഞാൻ. അതാകട്ടെ ഒരാഴ്ചയോളം നീണ്ടു പോയി.
വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും ഒറ്റപ്പെട്ട ഞാൻ എന്‍റെ നല്ല പകുതിയുടെ ഗൂഢഹർഷത്തിൽ
പങ്കുചേരാനാവാതെ സഹീർ കൈയിലെടുത്തു. പിറകേ ഒരു കണ്ടെത്തലിന്‍റെ ഞെട്ടൽ
എന്നിലുണ്ടായി. 


പഓളോയുടെ വായനക്കാരനോ ആരാധകനോ അല്ലാത്ത എനിക്ക് ട്വിറ്ററിൽ അയാളുടെ ചില
പോസ്റ്റുകൾ ഫോർവേഡ് ചെയ്തു കിട്ടാറുണ്ട്. ഈയിടെ മനുഷ്യർ വ്യത്യസ്ഥ ചേരികളിൽ തിരിഞ്ഞ്
മതവൈരത്താൽ പരസ്പരം ആക്രമിക്കുന്നത് പണം വിനിമയം തുടങ്ങിയ ശേഷം ആണെന്ന
തരത്തിൽ ഒരു മൂന്നാം കിട ഇടതുപക്ഷ വീക്ഷണം അയാളുടേതായി കണ്ടു. കുരങ്ങൻമാരും
ഇങ്ങനെ ചേരിതിരിഞ്ഞ് പരസ്പരം ആക്രമിക്കാറുണ്ടെന്ന് നിഷേധിച്ചു പറയാതിരിക്കാൻ
എനിക്കായില്ല. അപ്രധാനിയായ എന്‍റെ മറുപടി അയാളിലേക്ക് എത്തിക്കാണാൻ വഴിയില്ല.
എന്നാൽ എന്‍റെ സുഹൃത്ത് ടോണിയും അത്തരം ഒരു പോസ്റ്റിടുകയും അതേ കാര്യം അവനോടും
പറഞ്ഞ് ഞാനെന്‍റെ പരിഭ്രമം തീർക്കുകയും ഉണ്ടായി.


പറഞ്ഞുവന്നത് സഹീറിനെക്കുറിച്ചാണല്ലോ. എന്‍റെ സ്വന്തം അനുഭവങ്ങളോടൊത്തു നിൽക്കുന്ന
പലതും ഇതിൽ വായിച്ച് ഞാൻ അമ്പരന്നുപോയി. ഒരു സമാന്തര സിനിമയിൽ ഒരു കൊല്ലൻ
തന്‍റെ ആലയിലിരുന്ന് ഓരോന്നിനും ഓരോ സമയം, മരിക്കാനും ഒരു സമയം എന്ന് പറയുന്നത്
ഓര്‍ത്ത് ഒരു ഗ്രൂപ്പിൽ ഈയിടെ  ഞാൻ പോസ്റ്റുചെയ്യുക ഉണ്ടായി. സിനിമാ ആരുടെ എന്നു ഞാൻ
മറന്നു പോയിരുന്നു. എല്ലാറ്റിനും അതിന്‍റെ സമയമുണ്ടു ദാസാ എന്ന തരം ആക്ഷേപ ഹാസ്യ
സംഭാഷണത്തിന്‍റെ കാര്യമല്ല പറയുന്നത്, കേട്ടോ. 


സഹീറിലെ പ്രോട്ടഗോണിസ്റ്റ് ഒരു എഴുത്തുകാരനാണ്. ഒരു പേർ പറഞ്ഞതായി ഓർമയില്ല.
അതിനാൽ  പഓളോ എന്നുതന്നെ പറയേണ്ടി വരും. അയാൾ അനുസ്യൂതം എടുത്തു പറയുന്ന
അയാളുടെ പുസ്തകം ‘ഇഴപിരിക്കാൻ ഒരു സമയം, നൂൽ നൂല്‍ക്കാൻ ഒരു സമയം’ എന്നത്
മുൻ പറഞ്ഞ അതേ കാര്യം തന്നെയാണ്.  അത് എക്ളേസിയാസ്റ്റസിൽ നിന്നാണെന്ന്
എന്നെ ഗ്രൂപ്പില്‍ ആരും ഓർമ്മിപ്പിക്കാതിരുന്നത് മനഃപൂർവമാണെന്നുറപ്പുണ്ടെനിക്ക്.
പഓളോയ്ക്ക് പക്ഷേ അതു പറഞ്ഞേ തീരൂ.


എന്നാൽ ഇതു മാത്രമല്ല, എനിക്ക് അത്ഭുതമുളവാക്കിയത്. ബോറടിപ്പിക്കുന്ന അമാനുഷിക
ശക്തികളെക്കുറിച്ച്, പ്രത്യേകിച്ചും അപസ്മാരവുമായി ബന്ധപ്പെട്ടത്, പഓളോ
ഇതിലും പറയുന്നുണ്ടെങ്കിലും, (അതയാളുടെ ദൗർബല്യം ആണോ?) മേല്‍പറഞ്ഞ എഴുത്തുകാരൻ
ശക്തിയോടെ അതിനെ നിരാകരിക്കുന്നുമുണ്ട്. കത്തോലിക്കാ സഭ ഇത്തരം ദൗർബല്യങ്ങളെ,
ജോവാൻ ഓഫ് ആർക്, ലൂർദ്ദ് ബേണാടെ എന്നിങ്ങനെ ഉദാഹരണ സഹിതം, ചൂഷണം ചെയ്യുന്ന
വിധം അയാൾ നേരേ ചൊവ്വേ പറയുന്നുമുണ്ട്. എന്നാൽ അതേ സമയം കസഖ്സ്താനിൽ
കമ്മ്യൂണിസ്റ്റ് റഷ്യ നടത്തിയിരുന്ന അധിനിവേശവും ഇത്തരം ദൗർബല്യങ്ങളെ നിഷ്കരുണം
അവർ നേരിട്ടതിനെയും അയാൾ ഒട്ട് അനുകൂലിക്കുന്നുമില്ല. 


ഒരു എഴുത്തുകാരൻ എന്നു സ്വയം അഹങ്കരിക്കുന്ന ആൾ കഴിവതും എഴുതാറില്ല എന്നത് ഒരു
സത്യം മാത്രമാണ്. പഓളോ വളരെ മനോഹരമായി അതിന്‍റെ കാരണങ്ങൾ പറഞ്ഞു വെക്കുന്നത്
നമിച്ചുകൊണ്ടേ വായിക്കാനാവൂ. എങ്ങനെ എഴുത്തിൽ നിന്നും അയാൾ ഒഴിഞ്ഞു മാറുന്നു
എന്നതും പിന്നീട് ഒരു ബാധയുടെ ആവേശം പോലെ ചിലപ്പോൾ അതു സംഭവിക്കുന്നതും
സത്യം തന്നെയാണ്. ഒരുപക്ഷേ മാനസികനിലയിൽ സ്ഥിരത നേടാനുള്ള മനഃപൂർവമായ
ശ്രമമായിരിക്കും ഇത്തരം ഒഴിഞ്ഞുമാറ്റം! 


എന്തിന് പറയുന്നു, ഒരു ഉപന്യാസം എഴുതുമ്പോളുണ്ടാകുന്ന യാദൃശ്ചികതകൾ പോലും
അച്ചട്ട്. മൊബൈൽ കൈവശമില്ലാതിരുന്ന എന്‍റെ ഏകാന്തത പോലും അതു കൈവശമുണ്ടായിട്ടും
രാത്രി ജനീവയുടെ തെരുവോരത്ത് അയാൾ അനുഭവിക്കുന്നുണ്ട്. അതായത് നമ്മുടെ
അവലക്ഷണം പിടിച്ച സാന്നിദ്ധ്യമില്ലെങ്കിലും ലോകം അതിന്‍റെ വഴിക്കു തിരിയുമെന്ന അത്യധികം
വഷളായ തിരിച്ചറിവ്.


ഉദ്യോഗവുമായി ബന്ധപ്പെട്ടു സ്തോഭജനകമായ കുറച്ചു നാളുകള്‍ക്ക് ശേഷം എല്ലാം നിറുത്തി
പഠന വ്യഗ്രതയില്‍ ലയിച്ചെന്ന പോലെ  നടന്ന ഞാന്‍ കുറച്ചു കോപ്പി എടുക്കാന്‍ വഴിയരുകില്‍
കാര്‍ നിര്‍ത്തി കഴക്കൂട്ടത്ത് റോഡ്‌ ക്രോസ് ചെയ്തത് ഓര്‍മയുണ്ട്. പിന്നെയുള്ള കാര്യങ്ങള്‍
പറഞ്ഞു കേട്ട അറിവേയുള്ളൂ. എന്‍റെ വലതു കൈ തിരുമ്മി ആരോ (ഡോക്ടര്‍) പേര്‍ വിളിക്കുന്നത്‌
കേട്ടാണ് ഞാന്‍ കണ്ണ് തുറക്കുന്നത്. മെഡിക്കല്‍ കോളേജിലെ അത്യാഹിത വാര്‍ഡിലായിരുന്നു
എന്‍റെ പുനര്‍ജനി! വലിയ ഒരു ഗ്യാസ് ട്രക്ക് എന്നെ മുട്ടിയിട്ടു അത്രേ! എന്തായാലും ഞാന്‍
അതു വരുന്നത് കണ്ടേയില്ല! ഭാഗ്യത്തിന് പിറ്റേ ദിവസം തന്നെ കുഴപ്പമില്ലാതെ ഡിസ്ചാര്‍ജ് ആയി.
സഹീര്‍ പരിസര ബോധം നഷ്ടപ്പെടാനിടയാക്കുമെന്നതില്‍ തെളിവെന്തു വേറെ വേണം?
അതു പഓളോയെ അത്തരം ഒരു അനുഭവത്തില്‍ എത്തിക്കുന്നത് വായിക്കണം!


ഇവിടെ ഭാര്യാഭർതൃ ബന്ധത്തെ വിചാരണ ചെയ്യുന്നതാണ് കഥ. അതിനാൽ ഇത്തരം ബുദ്ധിജീവി
ജാടകൾ സഹിക്കാത്തവരും സഹീർ ഇഷ്ടപ്പെട്ട് പഓളോയുടെ ആരാധകരായേക്കും.
സ്നേഹമെന്താണെന്ന് അയാൾ കണ്ടെത്തുകയാണ്. വളരെ നിസ്സാരമായ പ്രശ്നം, രണ്ടിലൊരാൾ,
എപ്പോഴും ഭർത്താവ്, തന്‍റെ പ്രശ്നങ്ങളിൽ കുരുങ്ങി സംസാരിക്കാൻ മറക്കുമ്പോഴുണ്ടാകുന്ന
അപരിചിതത്ത്വം ആണ് വിഷയം.


ജീവിതത്തിൽ നമ്മുടെ പുരോഗതിക്ക് വിഘാതമാകുന്ന എന്തെങ്കിലും ഒരനുഭവമുണ്ടായിരിക്കു
മെന്ന് പഓളോ കൊയലോ. അതാണ് അയാളുടെ അക്കോമൊദാദോർ. നമ്മുടെ
ആഗ്രഹങ്ങൾക്കെല്ലാം വിടുതൽ നൽകി ഉള്ളതു മതി എന്ന തീരുമാനത്തിലെത്തുന്ന അനർഘ
നിമിഷം.


പഓളോയുടെ ഈ കഥ എനിക്ക് പുതിയതല്ല. ചിലപ്പോൾ, നമുക്ക്‌ . ഈറ്റ്, പ്രേ, ലവ് എന്ന മറ്റൊരു
പുസ്തകം നമ്മൾ വായിച്ചിട്ടുണ്ടല്ലോ. അല്ലെങ്കിൽ തന്നെ കഥകളൊന്നും പുതിയതല്ല. എന്നാൽ നമ്മൾ
പറഞ്ഞു കൊണ്ടേയിരിക്കണം. അല്ലെങ്കിൽ ലിപിയുണ്ടെങ്കിലും അവ നഷ്ടപ്പെടും. അക്കിൻ എന്ന
സ്റ്റെപ്പികളുടെ പാരമ്പര്യം മരിക്കരുത്, ഒരിക്കലും.


സ്റ്റെപ്പികളെപ്പറ്റി എനിക്കറിവില്ല. എന്നാൽ പഓളോയുടെ രക്ഷകരാകുന്നത് രണ്ടു കസഖ്
യുവാക്കളാണ്. പിണങ്ങി പോയ ഭാര്യയെ സ്വയം തിരിച്ചറിവിലൂടെ കണ്ടെത്താൻ അയാൾക്കായി.
കഥാകൃത്ത് ഇതിനിടെ പുട്ടിനു തേങ്ങാ പോലെ ചേർക്കുന്ന അറിവുകളും തിരിച്ചറിവുകളും
അമൂല്യമാണ്. 


ഐഹിക ജീവിതത്തിന്‍റെ വ്യാമോഹ മണ്ഡലങ്ങളിൽ സ്വയം മറക്കുന്നവർക്ക് സഹീർ വഴികാട്ടും.
നിസ്തുലവും നൈമിഷികവുമായ ജീവിതത്തിൽ ജീവിത പങ്കാളിയുടെ റോളെന്താണെന്ന്
അതു വരച്ചു കാട്ടുകയാണ്, മണൽക്കാടുകൾ നിറയ്ക്കുന്ന സംഗീതത്തിന്‍റെ അകമ്പടിയോടെ.
പരായണക്ഷമമായ ഒന്ന്.


ജീവിതത്തെക്കുറിച്ച് തിരിച്ചറിവില്ലാതെ കണക്കപ്പിള്ള, കോൺതാദോർ, ആയിത്തീർന്ന എനിക്കു
അതു ജലപ്പോളയേക്കാൾ ക്ഷണഭംഗുരമാണെന്ന തിരിച്ചറിവ്  പക്ഷേ ഉണ്ടാവുകയും അങ്ങനെ
എന്‍റെ അക്കോമൊദാദോർ നേരത്തേതന്നെ വരിക്കാനുമായി. അതിനു സഹീര്‍ എനിക്കാവശ്യമില്ല.
മനസ്സിൽ നിന്നും മനസ്സിലേക്കുള്ള മൗനസഞ്ചാരങ്ങളാണ് അതിന്‍റെ നേട്ടം.
മാറാത്ത മനോവ്യഥ ആണ് സഹീർ. എന്താണ് നിങ്ങളുടെ സഹീർ?.


നന്ദി പഓളോ. ഒരുപാട് പറയാനുണ്ട്, എന്നാൽ വിസ്താര ഭയത്താൽ നിർത്തുന്നു. ശേഷം
കാണാമെന്ന പ്രതീക്ഷക്കും അർത്ഥമില്ല. ബൈ.


അനിൽപി

END